ഇസ്രായേൽ ഇന്റലിജന്റ്‌സ് ഇനി അറബി ഭാഷയും ഇസ്ലാമിക സംസ്‌കാരവും പഠിക്കും

 

ഇന്റലിജൻസ് പരിശീലനത്തിൽ സമൂലമായ പരിഷ്‌കാരങ്ങളുമായി ഇസ്രായേൽ സൈന്യം. എല്ലാ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കും അറബി ഭാഷയും ഇസ്ലാമിക സാംസ്‌കാരിക പഠനവും നിർബന്ധമാക്കിയെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് മുമ്പുള്ള ഇന്റലിജൻസ് വീഴ്ചകളെ തുടർന്നാണ് പരിഷ്‌കരണം. ഇതാദ്യമായാണ്, സാങ്കേതിക, സൈബർ മേഖലകളിലുള്ള സൈനികർക്ക് അറബി, ഇസ്ലാമിക പഠനങ്ങളിൽ പരിശീലനം നൽകുന്നത്. ഭാവിയിലെ കമാൻഡർമാർക്ക് അറബിയിൽ പ്രാവീണ്യമുണ്ടാകാനും ഇസ്ലാമിക സംസ്‌കാരവുമായി പരിചയമുണ്ടാകുകയുമാണ് ലക്ഷ്യം.

ജ്യൂ ന്യൂസ് സിൻഡിക്കേറ്റ് (ജെഎൻഎസ്) പ്രകാരം, അടുത്ത വർഷം അവസാനത്തോടെ എല്ലാ ഇന്റലിജന്റ്‌സ് സൈനികർക്കും ഇസ്ലാമിക പഠനങ്ങളിൽ പരിശീലനം നൽകും. പകുതി പേർക്ക് അറബി ഭാഷാ പഠനം നൽകുമെന്നും പറയുന്നു. ഇസ്രായേലി ഇന്റലിജൻസിലെ അടിസ്ഥാനപരമായ മാറ്റത്തിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരമെന്ന് ഇസ്രായേലി ആർമി റേഡിയോയിലെ ഡോറോൺ കദോഷ് റിപ്പോർട്ട് ചെയ്തു. അറബി, ഇസ്ലാമിക പഠനങ്ങൾ പഠിപ്പിക്കുന്നതിനായി അമാനിൽ ഉടൻ തന്നെ ഒരു പുതിയ വകുപ്പ് സൃഷ്ടിക്കുമെന്നും അധികൃതർ പറഞ്ഞു.

ഇറാഖിലും യെമനിലെ ഹൂത്തികളിലും സംസാരിക്കുന്ന പ്രാദേശിക ഭാഷകൾക്കും പ്രത്യേക ശ്രദ്ധ നൽകും. ഹൂത്തികളുടെ ആശയവിനിമയം മനസ്സിലാക്കുക എന്നതാണ് ഐഡിഎഫ് നേരിട്ട ഒരു വെല്ലുവിളി. യമനിൽ ഖത് ഉപയോഗിക്കുന്നതിനാൽ (ഒരുതരം പാക്) സംസാരം അവ്യക്തമാക്കുകയും മനസ്സിലാക്കാൻ പ്രയാസകരമാക്കുകയും ചെയ്യുന്നതായി ജെറുസലേം പോസ്റ്റ് ഉദ്ധരിച്ച സ്രോതസ്സുകൾ പറയുന്നു. ജൂണിൽ, ഒരു ഹൂതി നേതാവിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണം പരാജയപ്പെട്ടതായി റിപ്പോർട്ടുണ്ട്.