കുവൈറ്റിൽ തണുപ്പ് കടുക്കും; താപനില രണ്ട് ഡിഗ്രിയിലേക്ക് താഴാൻ സാധ്യത, ജാഗ്രതാ നിർദ്ദേശം

 

കുവൈറ്റിൽ വരും ദിവസങ്ങളിൽ തണുപ്പ് അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തണുത്തതും വരണ്ടതുമായ വായുപിണ്ഡത്തോടൊപ്പം ഉയർന്ന മർദ്ദ സംവിധാനത്തിന്റെ വികാസവും രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. അടുത്ത അഞ്ച് ദിവസം രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് വീശുക.

കാറ്റിനൊപ്പം താപനിലയിലും വലിയ കുറവുണ്ടാകും. ഈ കാലയളവിൽ പരമാവധി താപനില 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 2 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കാനാണ് സാധ്യത. രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കുമെന്നും ചില പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മൂടൽമഞ്ഞ് കാരണം റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഹൈവേകളിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണം.

പൊടിപടലങ്ങളും ഈർപ്പവും വർധിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ ആസ്ത്മ, അലർജി എന്നിവയുള്ളവർ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.