കുവൈത്തിൽ ഇനി ചൂടേറും; 'അൽ ദർആൻ' സീസണ് നാളെ തുടക്കം

 

കുവൈത്തിൽ വേനൽച്ചൂടിന്റെ കാഠിന്യം വർദ്ധിപ്പിച്ചുകൊണ്ട് 'അൽ ദർആൻ' സീസൺ ആരംഭിക്കുന്നു. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ പുതിയ സീസൺ തുടങ്ങുന്നതായി അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വരും ദിവസങ്ങളിൽ താപനില ക്രമേണ ഉയരുമെന്നും കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രകടമാകുമെന്നുമാണ് റിപ്പോർട്ട്.

അൽ ദർആൻ സീസണിന്റെ ഭാഗമായി കാറ്റിന്റെ ദിശയിലും വേഗതയിലും പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കാലാവസ്ഥയെ അസ്ഥിരമാക്കുകയും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാവുകയും ചെയ്യും. ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ആരോഗ്യ പ്രശ്നങ്ങൾ വർധിക്കാൻ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

രാത്രികാലങ്ങളിൽ നേരിയ തണുപ്പും പകൽ സമയങ്ങളിൽ കടുത്ത ചൂടും അനുഭവപ്പെടുന്ന സമ്മിശ്ര കാലാവസ്ഥയായിരിക്കും ഈ സീസണിന്റെ പ്രത്യേകത. കൂടാതെ, കുവൈത്തിലെ കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.