സൗദിയിൽ ചൂട് കടുക്കും; കിഴക്കൻ പ്രവിശ്യയിലും മധ്യമേഖലയിലും ഉയർന്ന താപനില, വിവിധയിടങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
Jul 23, 2026, 15:23 IST
സൗദിയുടെ കിഴക്കൻ മേഖലകളിലും മധ്യഭാഗത്തുള്ള ചില പ്രദേശങ്ങളിലും വ്യാഴാഴ്ച താപനില കാര്യമായി ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉയർന്ന താപനിലയ്‌ക്കൊപ്പം മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ ജൗഫ്, ജിസാൻ, അസീർ, മക്ക, അൽബാഹ, നജ്റാൻ എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, ജിസാൻ, അസീർ എന്നീ മേഖലകളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത മഴ ലഭിച്ചേക്കും. മഴയെ തുടർന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടാതെ, മക്ക, അൽബാഹ, നജ്റാൻ എന്നിവിടങ്ങളുടെ ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്.