ജയ് ഷാ  ഐ സി സി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകി

 

 

ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബി സി സി ഐ സെക്രട്ടറിയുമായ ജയ് ഷാ ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ സി സി) തലപ്പത്തേക്ക്. ജയ് ഷാ ഐ സി സി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശപത്രിക നൽകി. പത്രിക നൽകേണ്ട അവസാന തീയതിയായ ഇന്ന് വൈകുന്നേരത്തോടെയാണ് ജയ് ഷാ പത്രിക സമർപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. അങ്ങനെയെങ്കിൽ പ്രായം കുറഞ്ഞ ഐ സി സി ചെയർമാൻ ആകും 35 കാരനായ ജയ് ഷാ.

നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐ സി സി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്‍ ശ്രീനിവാസന്‍ (2014 മുതല്‍ 2015 വരെ), ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നവര്‍. ഐ സി സി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010- 2012) എന്നിവരാണ് പ്രസിഡന്റുമാരായിട്ടുള്ളത്. നിലവില്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയാണ് ഐ സി സി ചെയര്‍മാന്‍. 2020 ലാണ് ബാര്‍ക്ലേ ഐ സി സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം ഒഴിയുന്ന സാഹചര്യത്തിലാണ് ജയ് ഷാ ഐ സി സി തലപ്പത്തേക്ക് എത്തുന്നത്.