സൗദിയിലെ ഖൈസുമ വിമാനത്താവളം വഴി ജസീറ എയർവേയ്‌സ് സർവീസുകൾ പുനരാരംഭിക്കുന്നു
മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾക്കിടയിലും വിമാനയാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി സർവീസുകൾ പുനരാരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. ഹഫർ അൽ ബാത്വിനിലുള്ള ഈ വിമാനത്താവളം വഴി മാർച്ച് 29 മുതൽ പാകിസ്താനിലെ ലാഹോറിലേക്കും മാർച്ച് 31 മുതൽ ദുബായിലേക്കും സർവീസുകൾ ആരംഭിക്കും.
ദുബായിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുക. കുവൈത്തിൽ നിന്നുള്ള യാത്രക്കാരെ റോഡ് മാർഗ്ഗം സൗദിയിലെ ഖൈസുമ വിമാനത്താവളത്തിൽ എത്തിക്കുകയും, അവിടെ നിന്ന് വിമാനമാർഗ്ഗം ദുബായിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. അന്താരാഷ്ട്ര യാത്രാ ഹബ്ബായ ദുബായിലേക്കുള്ള ഈ കണക്റ്റിവിറ്റി യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ലാഹോറിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സൗദി, കുവൈത്ത് അധികൃതരുടെ പ്രത്യേക അനുമതിയോടെയാണ് ഈ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലെ വെല്ലുവിളികൾക്കിടയിലും സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജസീറ എയർവേയ്‌സ് സി.ഇ.ഒ പ്രഥൻ പശുപതി പറഞ്ഞു. കുവൈത്തിലെ സ്വദേശികൾക്കും താമസക്കാർക്കും യാത്ര തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻഗണന നൽകുന്നതായും എയർലൈൻ വ്യക്തമാക്കി.