കുവൈത്തിൽ നിന്ന് 38 വിമാന സർവീസുകളുമായി ജസീറ എയർവേയ്‌സ്; കൊച്ചിയിലേക്കും സർവീസ്
കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിൽ (T5) നിന്ന് വിവിധ രാജ്യങ്ങളിലേക്ക് 38 വിമാന സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി ജസീറ എയർവേയ്‌സ്. വരും ആഴ്ചകളിൽ തുടക്കത്തിൽ പത്ത് പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കാകും സർവീസുകൾ ഉണ്ടാകുകയെന്ന് കമ്പനി സിഇഒ ഭരതൻ പശുപതി അറിയിച്ചു. കൊച്ചി, മുംബൈ, ഡൽഹി, ജിദ്ദ, റിയാദ്, അമ്മാൻ, ബെയ്‌റൂത്ത്, ഡമാസ്‌കസ്, കെയ്‌റോ, ഇസ്താംബൂൾ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ സർവീസ് നടത്തുക.
മലയാളികൾക്ക് ഏറെ ആശ്വാസമായി കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ ജസീറ എയർവേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാകും കൊച്ചിയിലേക്കുള്ള വിമാനങ്ങൾ പറക്കുക. ഡൽഹിയിലേക്ക് ചൊവ്വ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലും സർവീസുകളുണ്ടാകും. മുംബൈ, കെയ്‌റോ എന്നിവിടങ്ങളിലേക്ക് ദിവസേന വിമാനങ്ങൾ സർവീസ് നടത്തും. സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലും റിയാദിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിലും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. അമ്മാനിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളും ഡമാസ്‌കസിലേക്ക് നാല് സർവീസുകളും ഉണ്ടാകും. കൂടാതെ ബെയ്‌റൂത്തിലേക്ക് രണ്ട് സർവീസുകളും ഇസ്താംബൂളിലേക്ക് നാല് സർവീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദിയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കമ്പനി സർവീസ് തുടരും. ദമ്മാം വഴിയുള്ള യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ മിഷ്റെഫ് ഹാൾ Q8 ലെ പ്രദർശന ഗ്രൗണ്ടിലാകും നടക്കുക. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടെർമിനൽ 5-ൽ യാത്രക്കാർക്കായി പരിഷ്കരിച്ച സംവിധാനങ്ങൾ നടപ്പിലാക്കും. കുവൈത്ത് വിമാനത്താവളത്തിലെ കമ്പനിയുടെ പാർക്ക് ആൻഡ് ഫ്ലൈ ടെർമിനലിൽ എത്തുന്ന യാത്രക്കാരെ പ്രത്യേക ബസുകളിൽ ടെർമിനൽ 5-ലേക്ക് എത്തിക്കും. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് വിവരങ്ങളും ഡിപ്പാർച്ചർ നിർദ്ദേശങ്ങളും നേരത്തെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.