ജിദ്ദ വിമാനത്താവളത്തിന് ആഗോള പരിസ്ഥിതി ബഹുമതി
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്താരാഷ്ട്ര തലത്തിൽ തിളക്കമാർന്ന അംഗീകാരം. വിമാനത്താവളത്തിലെ ‘ടെർമിനൽ 1’ കെട്ടിടത്തിന് യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (USGBC) പ്രശസ്തമായ ‘ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ’ (LEED Gold Certification) ലഭിച്ചു. പരിസ്ഥിതി സൗഹൃദപരമായി നിർമിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മികച്ച കെട്ടിടങ്ങൾക്കാണ് ഈ ആഗോള ബഹുമതി നൽകുന്നത്.
8,10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കൂറ്റൻ ടെർമിനൽ, ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ നേടുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഒറ്റ കെട്ടിടമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ഊർജ്ജ കാര്യക്ഷമത, ജലസംരക്ഷണം, ഉയർന്ന വായുസഞ്ചാരവും അന്തരീക്ഷ ഗുണനിലവാരവും, സുസ്ഥിര മാലിന്യ സംസ്കരണം എന്നീ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം.
യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനൊപ്പം പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്ന ഈ സർട്ടിഫിക്കേഷൻ, രാജ്യത്തെ പരിസ്ഥിതി സൗഹൃദ അടിസ്ഥാനസൗകര്യ വികസനത്തിൽ വിമാനത്താവളത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.