ജിദ്ദ - മോസ്കോ നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ച് ഫ്ലൈനാസ്
സൗദി അറേബ്യയുടെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ലൈനാസ് (flynas), ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് നേരിട്ടുള്ള സർവിസുകൾ ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് ജിദ്ദയെയും മോസ്കോയിലെ വ്നുക്കോവോ (Vnukovo) അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ച് സർവിസ് നടത്തുക.
സൗദി ടൂറിസം അതോറിറ്റിയുടെയും എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെയും സഹകരണത്തോടെയാണ് ഈ പുതിയ റൂട്ട് യാഥാർത്ഥ്യമായത്. ഈ മാസം ആദ്യം റഷ്യൻ എയർലൈനായ അസിമുത്ത് (Azimuth) സർവിസ് ആരംഭിച്ച മഖച്കല, മിനറൽനി വോഡി എന്നീ നഗരങ്ങൾക്ക് പിന്നാലെ ജിദ്ദയുമായി നേരിട്ട് ബന്ധിക്കപ്പെടുന്ന മൂന്നാമത്തെ റഷ്യൻ നഗരമായി മോസ്കോ മാറി. ഇതോടെ റഷ്യയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും തീർത്ഥാടകർക്കും സൗദിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.
അടുത്തിടെ അഞ്ച് കോടി യാത്രക്കാർ എന്ന റെക്കോർഡ് നേട്ടം കൈവരിച്ച ജിദ്ദ വിമാനത്താവളം, ദേശീയ ഗതാഗത-ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ഭാഗമായി വലിയ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. 2030-ഓടെ ലോകത്തെ 150 അന്താരാഷ്ട്ര നഗരങ്ങളുമായി ജിദ്ദയെ ബന്ധിപ്പിക്കാനാണ് പദ്ധതി. പ്രതിവർഷം 10 കോടി യാത്രക്കാരെ സ്വീകരിക്കുക എന്ന സൗദി വിഷൻ 2030 ലക്ഷ്യത്തിലേക്കുള്ള പ്രധാന നാഴികക്കല്ലാണ് മോസ്കോ സർവിസിന്റെ തുടക്കം.