റമദാൻ വിപണിയിൽ പരിശോധന ശക്തമാക്കി ജിദ്ദ മുനിസിപ്പാലിറ്റി; 5,000-ത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി

 

റമദാൻ മാസത്തോടനുബന്ധിച്ച് സൗദിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ കർശനമാക്കി ജിദ്ദ മുനിസിപ്പാലിറ്റി. റമദാനിലെ ആദ്യ പത്ത് ദിവസങ്ങൾക്കുള്ളിൽ വിവിധ വാണിജ്യ ഭക്ഷ്യ സ്ഥാപനങ്ങളിലായി അയ്യായിരത്തോളം പരിശോധനകളാണ് നടത്തിയത്. ലൈസൻസില്ലാതെ പ്രവർത്തിക്കുക, തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, യൂണിഫൈഡ് ഇലക്ട്രോണിക് കോഡ് കാണിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

പ്രധാന റോഡുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലും റമദാനിൽ തിരക്കേറുന്ന മത്സ്യ വിപണികൾ, പാൽ-ജ്യൂസ് കടകൾ, ഈന്തപ്പഴം, മധുരപലഹാര കടകൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടെ നൂറിലധികം പരാതികളാണ് അധികൃതർക്ക് ലഭിച്ചത്. ലബോറട്ടറി പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും അനധികൃത തെരുവ് കച്ചവടക്കാരെയും താൽക്കാലിക ഷെഡുകളെയും നീക്കം ചെയ്യുകയും ചെയ്തു.