മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോയ്ക്ക്

 

2026-ലെ മിസ് യൂണിവേഴ്സ് സൗന്ദര്യകിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. 75-ാമത് ആഗോള സൗന്ദര്യമത്സരത്തിന് ആതിഥേയത്വം വഹിച്ച പ്യൂർട്ടോ റിക്കോയ്ക്ക് ഇരട്ടിമധുരമായാണ് ഈ കിരീടനേട്ടം ലഭിച്ചത്. മത്സരത്തിന്റെ സമാപന ചടങ്ങിൽ മുൻ മിസ് യൂണിവേഴ്സ് ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് തന്റെ പിൻഗാമിയായ ജെന്നിഫർ ബാരെറ്റോയെ കിരീടമണിയിച്ചു.

ഏഴ് മാസം മുതൽ ഒരു വർഷം വരെയാണ് ജെന്നിഫർ ബാരെറ്റോ മിസ് യൂണിവേഴ്സ് പദവിയിൽ തുടരുക. ഈ കാലയളവിൽ ലോകമെമ്പാടും സഞ്ചരിച്ച് പൊതുജനാരോഗ്യം, സമാധാനം, ന്യൂനപക്ഷ അവകാശങ്ങൾ, ആഗോളതാപനം തുടങ്ങിയ ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകും. കിരീടത്തിനൊപ്പം വൻ തുക സമ്മാനമായും പ്രതിമാസ അലവൻസായും ലഭിക്കും. മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഔദ്യോഗികമായി തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വിജയിക്ക് 2,50,000 ഡോളർ സമ്മാനത്തുകയും 12 മാസത്തെ കാലയളവിൽ പ്രതിമാസം ഏകദേശം 50,000 ഡോളർ അലവൻസും ലഭിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്യൂർട്ടോ റിക്കോ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് അവസാന അഞ്ചിൽ ഇടംപിടിച്ചത്. നിർമ്മിത ബുദ്ധി (എ.ഐ) വളരുന്ന ഈ കാലഘട്ടത്തിൽ നാം ഒരിക്കലും കൈവിടാൻ പാടില്ലാത്ത ഏറ്റവും പ്രധാനപ്പെട്ട മാനുഷിക മൂല്യം എന്താണെന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് പ്യൂർട്ടോ റിക്കോ സുന്ദരിയെ വിജയത്തിലേക്ക് നയിച്ചത്.

ആരാണ് ജെന്നിഫർ ബാരെറ്റോ?

സൗന്ദര്യ മത്സരത്തിലെ വിജയി മാത്രമല്ല, അക്കാദമിക രംഗത്തും സാമൂഹിക സേവന മേഖലയിലും ശ്രദ്ധേയമായ പശ്ചാത്തലമുള്ള വ്യക്തിയാണ് ജെന്നിഫർ ബാരെറ്റോ. ഗവേഷണ മനഃശാസ്ത്രത്തിൽ ബിരുദം നേടിയ അവർ മനഃശാസ്ത്രത്തിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും രണ്ട് ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. 2021-ൽ അമേരിക്കൻ പ്രതിരോധ വകുപ്പിന് കീഴിൽ ടെക്‌സസിലെ ഫോർട്ട് ഹുഡിലാണ് ജെന്നിഫർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഫാമിലി അഡ്വക്കസി പ്രോഗ്രാമിന്റെ ഭാഗമായി അധ്യാപികയായും പ്രതിസന്ധി ഘട്ടങ്ങളിൽ ഇടപെടുന്ന പ്രവർത്തകയായും സേവനമനുഷ്ഠിച്ചു. ഗാർഹിക പീഡനവും കുട്ടികൾക്കെതിരായ അതിക്രമങ്ങളും നേരിടുന്ന സൈനിക കുടുംബങ്ങൾക്ക് പിന്തുണ നൽകുകയായിരുന്നു പ്രധാന ചുമതല. ഇത്തരം അതിക്രമങ്ങൾ തടയുന്നതിനും സംഭവിച്ചാൽ ഇടപെടുന്നതിനുമുള്ള പരിശീലനം സൈനിക വിഭാഗങ്ങളിലെ നേതാക്കൾക്ക് നൽകുകയും ചെയ്തു. കാർൽ ആർ. ഡാർണൽ ആർമി മെഡിക്കൽ സെന്ററിലും അവർ സന്നദ്ധസേവനം നടത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരും

ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ ലിസ് മെജോയ്ക്ക് ടോപ് 30-ൽ ഇടം നേടാനായെങ്കിലും ടോപ് 12-ൽ എത്താനായില്ല. ഇതോടെ മിസ് യൂണിവേഴ്സ് കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അഞ്ചാം വർഷത്തിലേക്ക് കടന്നു. 2021-ൽ ഹർനാസ് സന്ധു കിരീടം നേടിയതിനുശേഷം ഇന്ത്യയ്ക്ക് ഈ നേട്ടം ആവർത്തിക്കാനായിട്ടില്ല. 1994-ൽ സുസ്മിത സെനും 2000-ൽ ലാറ ദത്തയുമാണ് ഇതിനുമുമ്പ് ഇന്ത്യയ്ക്കായി മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയത്.