യുഎഇയിൽ ജുമുഅ നമസ്കാര സമയം മാറി; ഇന്നു മുതൽ ഉച്ചയ്ക്ക് 12.45-ന്

 

യുഎഇയിൽ ജുമുഅ നമസ്കാര സമയത്തിൽ വരുത്തിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ പള്ളികളിലും ഉച്ചയ്ക്ക് 12.45-നായിരിക്കും ജുമുഅ നമസ്കാരം നടക്കുക. നിലവിൽ ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ ഉച്ചയ്ക്ക് 1.15-നായിരുന്നു നമസ്കാരം നടന്നിരുന്നത്. പുതിയ ക്രമീകരണത്തിലൂടെ നമസ്കാര സമയം 30 മിനിറ്റ് നേരത്തെയാകും.

ജനറൽ അതോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് ആൻഡ് സകാത്താണ് (ഔഖാഫ്) ഈ മാറ്റം പ്രഖ്യാപിച്ചത്. രാജ്യത്തെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഏകീകൃത സമയക്രമം നടപ്പിലാക്കുന്നത്. 2026 'കുടുംബ വർഷമായി' ആചരിക്കുന്നതിന്റെ ഭാഗമായി, താമസക്കാർക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഈ മാറ്റം ഉപകരിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

2022-ൽ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയതിനെത്തുടർന്നാണ് ജുമുഅ നമസ്കാരം 1.15-ലേക്ക് മാറ്റിയിരുന്നത്. എന്നാൽ പുതിയ വർഷാരംഭത്തിൽ വിശ്വാസികളുടെ സൗകര്യം കൂടി പരിഗണിച്ച് സമയം 12.45-ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. ഷാർജയിൽ നിലവിൽ തന്നെ വെള്ളി ഒഴിവുദിവസമായതിനാൽ നേരത്തെയുള്ള സമയക്രമമാണ് പിന്തുടരുന്നത്. ഇതോടെ രാജ്യത്തുടനീളം ഏകീകൃതമായ സമയക്രമം നിലവിൽ വരും.