ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കെ.ജി-ഗ്രേഡ് 2 ക്ലാസുകൾ ആഗസ്റ്റ് 16 മുതൽ ഓഫ് ലൈനിലേക്ക് തിരിച്ചെത്തുന്നു
കടുത്ത വേനൽച്ചൂടിനെ തുടർന്ന് ഓൺലൈൻ പഠനത്തിലേക്ക് മാറ്റിയിരുന്ന ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആഗസ്റ്റ് 16 മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. കടുത്ത വേനലിനെ തുടർന്ന് ആഗസ്റ്റ് രണ്ടു മുതലായിരുന്നു ഈ ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരുന്നത്.
നിലവിൽ അന്തരീക്ഷ താപനില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനം അവസാനിപ്പിച്ച് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതെന്ന് സ്കൂൾ അധികൃതർ സർക്കുലറിലൂടെ അറിയിച്ചു. ഞായറാഴ്ച മുതൽ സാധാരണ സമയക്രമം അനുസരിച്ച് തന്നെ വിദ്യാർഥികൾ സ്കൂളുകളിലെത്തണം. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് മുൻപും നേരിട്ടുള്ള അധ്യയനം തന്നെയായിരുന്നു നടന്നിരുന്നത്.
നേരത്തെ കടുത്ത ചൂടുള്ള സമയത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തുകയും ഇന്ത്യൻ സ്കൂൾ ബോർഡിനും മസ്കത്തിലെ ഇന്ത്യൻ എംബസിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു.