ഖമനേയിയുടെ കൊട്ടാരം തകർന്നു; ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്; ഇറാന്റെ പരമോന്നത നേതാവ് സുരക്ഷിതനെന്ന് റിപ്പോർട്ട്

 

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഔദ്യോഗിക വസതിക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെഹ്‌റാനിൽ ഖമനേയിയുടെ വസതി ഉൾപ്പെടുന്ന കോമ്പൗണ്ടിലെ കെട്ടിടങ്ങൾ തകർന്നതിന്റെയും പുക ഉയരുന്നതിന്റെയും ഉപഗ്രഹ ദൃശ്യങ്ങൾ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് പുറത്തുവിട്ടു. 'ഓപ്പറേഷൻ ലയൺസ് റോർ' എന്ന് ഇസ്രായേലും 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന് അമേരിക്കയും പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിന്റെ പ്രധാന ലക്ഷ്യം ഇറാന്റെ ഉന്നത നേതൃത്വമായിരുന്നു.

ആക്രമണ സമയത്ത് 86-കാരനായ ഖമനേയി ടെഹ്‌റാനിലെ വസതിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ അതീവ സുരക്ഷിതമായ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലെ ചാനൽ 12 പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഖമനേയിയുടെ കൊട്ടാരം പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവിനെ കൂടാതെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, മറ്റ് പ്രധാന സൈനിക കമാൻഡർമാർ എന്നിവരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

അതേസമയം, ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പൂർണ്ണ ആരോഗ്യവാനാണെന്നും സുരക്ഷിതനാണെന്നും ടെലഗ്രാം വഴി അറിയിച്ചു. രാവിലെ മുതൽ ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൗറി പ്രദേശം എന്നിവിടങ്ങളിൽ തുടർച്ചയായ മിസൈൽ സ്ഫോടനങ്ങളാണ് ഉണ്ടായത്. ഈ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിലേക്കും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളിലേക്കും ഇറാൻ മിസൈൽ വർഷം നടത്തിയിട്ടുണ്ട്. ദക്ഷിണ ഇറാനിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 40 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടത് യുദ്ധത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.