ഖരീഫ് സീസൺ: ദോഫാറിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്; 4.72 ലക്ഷം പേരെത്തി
2026 ഖരീഫ് സീസണിന്റെ ഭാഗമായി ഒമാനിലെ ദോഫാർ ഗവർണറേറ്റിലെത്തിയ സന്ദർശകരുടെ എണ്ണം 4,72,449 ആയി ഉയർന്നു. ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണിത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (4,42,100) സന്ദർശകരുടെ എണ്ണത്തിൽ 6.9 ശതമാനത്തിന്റെ വർധനവുണ്ടായി.
സ്വദേശികളായ ഒമാനി സന്ദർശകരാണ് പട്ടികയിൽ ഒന്നാമതുള്ളത്. ആകെ സന്ദർശകരുടെ 76.3 ശതമാനവും (3,60,531 പേർ) ഒമാനിൽ നിന്നുള്ളവരാണ്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് 78,356 പേരും (16.6%), മറ്റ് രാജ്യങ്ങളിൽ നിന്നായി 33,562 പേരും (7.1%) ദോഫാറിലെത്തി.
വിമാനമാർഗ്ഗം എത്തിയവരുടെ എണ്ണത്തിൽ 9.6 ശതമാനത്തിന്റെ വർധനവുണ്ടായി (1,17,551 പേർ). കര അതിർത്തി വഴി 3,54,898 ആളുകളും എത്തിച്ചേർന്നു. ജൂലൈ മാസത്തിലാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്. ജൂലൈ ഒന്നു മുതൽ 31 വരെയുള്ള ദിവസങ്ങളിൽ മാത്രം 4,51,355 പേർ (95.5%) ദോഫാറിലെത്തിയതായി എൻ.സി.എസ്.ഐ ഡാറ്റ വ്യക്തമാക്കുന്നു.