ഉത്തര കൊറിയയിൽ വീണ്ടും ഭരണകക്ഷി നേതാവായി കിം ജോങ് ഉൻ
Feb 24, 2026, 17:11 IST
എതിർ ശബ്ദത്തിന്‍റെ ലാഞ്ചന പോലുമില്ലാതെ ഉത്തര കൊറിയയിൽ വീണ്ടും ഭരണ കക്ഷി നേതാവായി കിം ജോങ് ഉന്‍ 'തെരഞ്ഞെടുക്കപ്പെട്ടു'. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ജീവിത നിലവാരവും ഉയർത്തുമെന്ന് കോൺഗ്രസിലെ ഉദ്ഘാടന പ്രസംഗത്തിൽ കിം ജോങ് ഉൻ വീണ്ടും പ്രതിജ്ഞയെടുത്തു. ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി കിം ജോങ് ഉന്നിനെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി ഭരണകൂട മാധ്യമം റിപ്പോർട്ട് ചെയ്തു.1940 -കളുടെ അവസാനം മുതൽ കിം കുടുംബമാണ് ഉത്തര കൊറിയയൽ സ്വേച്ഛാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണം നിയന്ത്രിക്കുന്നത്. കിം ജോങ് ഉന്നിനെ വീണ്ടും ഭരണകക്ഷി നേതാവായി തെരെഞ്ഞെടുത്തത് ഒരു സാധാരണ പ്രക്രിയമാത്രം. ഞായറാഴ്ച പ്യോങ്‌യാങ്ങിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് പ്രഖ്യാപനമുണ്ടായതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കിമ്മിന്‍റെ നേതൃത്വത്തിൽ ഉത്തരകൊറിയ തങ്ങളുടെ യുദ്ധ പ്രതിരോധശേഷി മെച്ചപ്പെടുത്തിയെന്നും 'ആണവശക്തികളെ അതിന്‍റെ കേന്ദ്രമാക്കി' പ്രവർത്തിച്ചുവെന്നും സർക്കാർ നടത്തുന്ന കെസിഎൻഎ അവകാശപ്പെട്ടു. 2011 -ൽ പിതാവിന്‍റെ മരണശേഷം രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത കിം, ആണവായുധ പദ്ധതിയിൽ വൻതോതിൽ നിക്ഷേപം നടത്തി. ഇത് ഉത്തര കൊറിയയെ യുഎസിന്‍റെ പ്രധാന നോട്ടപ്പുള്ളികളിലൊന്നാക്കി.