സായുധ സേനാ സജ്ജത വിലയിരുത്തി ഹമദ് രാജാവ്; റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് ആസ്ഥാനം സന്ദർശിച്ചു

 

രാജ്യത്തിന്റെ സൈനിക സജ്ജതയും പ്രവർത്തന മികവും നേരിട്ട് വിലയിരുത്തുന്നതിനായി സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവ് റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് ആസ്ഥാനം സന്ദർശിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം.

നാഷണൽ സെക്യൂരിറ്റി അഡ്വൈസറും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ചേർന്ന് രാജാവിനെ സ്വീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന എയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. വ്യോമസേനയും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ മറ്റ് വിഭാഗങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത ഓപ്പറേഷനുകളുടെ മികവിനെ അദ്ദേഹം പ്രശംസിച്ചു.

വിവേകം, സമാധാനം, സഹകരണം എന്നിവയിലൂന്നിയുള്ള നയങ്ങളുമായി ബഹ്‌റൈൻ മുന്നോട്ടുപോകുമെന്ന് രാജാവ് വ്യക്തമാക്കി. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്റെ കര, സമുദ്ര, വ്യോമാതിർത്തികൾ സംരക്ഷിക്കുന്നതിൽ സൈനികർ കാണിക്കുന്ന അച്ചടക്കം അഭിമാനകരമാണെന്നും രാജ്യം മുമ്പെന്നത്തേക്കാളും ഐക്യത്തോടെയും ശക്തിയോടെയുമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വികസനവും സുരക്ഷയും സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.