യു.എസ് കമാൻഡർ ചാൾസ് ബ്രാഡ്‌ കൂപ്പറുമായി കൂടിക്കാഴ്ച നടത്തി ഹമദ് രാജാവ്

 

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, യു.എസ് സെൻട്രൽ കമാൻഡ് അഡ്മിറൽ ചാൾസ് ബ്രാഡ്‌ഫോർഡ് കൂപ്പർ രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ അഡ്മിറൽ കൂപ്പറും സംഘവും സാഖിർ കൊട്ടാരത്തിൽ വെച്ചാണ് രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെയും ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ ഏകോപനത്തെയും രാജാവ് പ്രശംസിച്ചു.

ഒപ്പം പ്രതിരോധം, സൈനിക സഹകരണം എന്നീ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും അമേരിക്ക വഹിക്കുന്ന നിർണ്ണായക പങ്കിനെ രാജാവ് യോഗത്തിൽ അഭിനന്ദിച്ചു.

പ്രാദേശികവും അന്തർദേശീയവുമായ വിവിധ സുപ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ, സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ, കൂടാതെ ഈയിടെയായി ഈ പ്രദേശത്തുണ്ടായ ഇറാനിയൻ ആക്രമണങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും വിശദമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള മറ്റ് സുപ്രധാന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ബഹ്‌റൈനിൽ നടന്ന പ്രാദേശിക സുരക്ഷാ സംവാദത്തിൽ പങ്കെടുത്ത ശേഷമാണ് അഡ്മിറൽ ബ്രാഡ് കൂപ്പർ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തിയത്.