അറിയാം തൊഴിൽ നഷ്ട ഇൻഷുറൻസ് പോളിസിയെ കുറിച്ച്
യുഎഇയിൽ ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും തൊഴിൽ നഷ്ട ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം അത് പോലെ യഥാസമയം പുതുക്കാനും മറന്നു പോകരുത്. പോളിസി പുതുക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 200 ദിർഹമാണ് പിഴ. അതെ പോലെ ഇതുവരെ ഇൻഷുറൻസ് പരിരക്ഷയിൽ അംഗമാകാത്തവർക്ക് 400 ദിർഹം പിഴയായി നൽകേണ്ടിവരും. മാത്രമല്ല ഇൻഷുറൻസ് പുതുക്കാത്തവർക്ക് യുഎഇയിൽ പുതിയ തൊഴിൽ പെർമിറ്റും ലഭിക്കില്ല
2023 ജനുവരിയിലാണ് യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായത്. നിലവിൽ രാജ്യത്തെ 90 ശതമാനത്തിലധികം ജീവനക്കാരും ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെടുന്ന പ്രവാസികൾ അടക്കമുള്ള ജീവനക്കാർക്ക് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്നതാണ് ഈ ഇൻഷുറൻസ് സ്‌കീം. ഇൻഷുറൻസ് എടുത്ത് 12 മാസം പൂർത്തിയായവർക്ക് ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ അറുപതു ശതമാനം തുക മൂന്നു മാസത്തേക്ക് സഹായമായി ലഭിക്കും.കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന സുരക്ഷ എന്നതാണ് പദ്ധതിയുടെ സവിശേഷത. പദ്ധതി ആരംഭിച്ച് ഇതുവരെ 35 കോടി ദിർഹത്തിന്റെ സാമ്പത്തിക ആനുകൂല്യം അർഹരായവർക്ക് ലഭിച്ചതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കമ്പനി ഉടമസ്ഥർ (ഇൻവെസ്റ്റേഴ്സ്), ഗാർഹിക ജോലിക്കാർ, താൽക്കാലിക കരാറിലുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, പെൻഷൻ ആനുകൂല്യമുള്ള വിരമിച്ച ജീവനക്കാർ എന്നിവർക്ക് ഈ ഇൻഷുറൻസ് നിർബന്ധമില്ല.www.iloe.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, ഐഎൽഒഇ (ILOE) മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഇൻഷുറൻസിന്റെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. അല്ലെങ്കിൽ അൽ അൻസാരി എക്‌സ്‌ചേഞ്ച്, തഷീൽ, തൗജീഹ് കേന്ദ്രങ്ങൾ വഴിയും പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്