ഇന്ത്യ-ജി.സി.സി ബന്ധം ശക്തമാക്കാൻ 'കൊച്ചി ഡയലോഗ്'; ബഹ്‌റൈൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ പങ്കെടുക്കും

 

ഇന്ത്യയും ജി.സി.സി (GCC) രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന രണ്ടാമത് ‘കൊച്ചി ഡയലോഗ്’ നവംബർ 18 മുതൽ 20 വരെ കൊച്ചിയിൽ അരങ്ങേറും. ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരും സാമ്പത്തിക-നയരൂപീകരണ വിദഗ്ധരും വ്യവസായ പ്രമുഖരും ഉച്ചകോടിയുടെ ഭാഗമായി കൊച്ചിയിലെത്തും.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) സഹകരണത്തോടെ കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (CPPR) ആണ് മൂന്ന് ദിവസം നീളുന്ന ഈ പ്രമുഖ അന്താരാഷ്ട്ര ഫോറം സംഘടിപ്പിക്കുന്നത്. വ്യാപാരം, നിക്ഷേപം, ഊർജ്ജ സഹകരണം, സുരക്ഷ, കണക്റ്റിവിറ്റി, എ.ഐ (AI) നവീകരണം തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ഉച്ചകോടി വിശദമായി ചർച്ച ചെയ്യും. ‘ടുവേർഡ്സ് ആൻ ഇന്നൊവേറ്റീവ് ആൻഡ് ഇന്റഗ്രേറ്റഡ് ഇന്ത്യ-ജി.സി.സി പാർട്ണർഷിപ്പ്: റെസിലിയൻസ്, റീഇൻവെൻഷൻ, റെഡിഫിനിഷൻ’ എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന പ്രമേയം. ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുക്കും.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ, ഇന്ത്യയിലെ ബഹ്‌റൈൻ സ്ഥാനപതി അബ്ദുൽറഹ്മാൻ മുഹമ്മദ് അഹമ്മദ് അൽ ഗൗദ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരിക്കും. അഞ്ച് വിപുലമായ ചർച്ചാ സെഷനുകളും ഒരു ഫയർസൈഡ് ചാറ്റുമാണ് സമ്മേളനത്തിൽ ഒരുക്കിയിരിക്കുന്നത്. 'ഇന്ത്യയുടെ ലുക്ക് വെസ്റ്റ് പോളിസി പ്രാബല്യത്തിൽ' എന്നതായിരുന്നു മുൻവർഷത്തെ ഡയലോഗിന്റെ പ്രമേയം.