കുവൈത്ത് വിമാനത്താവളം അടച്ചിടൽ തുടരുന്നു; സർവീസുകൾ പുനരാരംഭിച്ചെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (DGCA) നിഷേധിച്ചു. വിമാനത്താവളം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും സർവീസുകൾ തുടങ്ങാൻ ഇതുവരെ ഔദ്യോഗിക അനുമതികൾ നൽകിയിട്ടില്ലെന്നും ഡിജിസിഎ വ്യക്തമാക്കുന്നു. ഒരു പ്രമുഖ എയർലൈനിന്റെ പേരിൽ പ്രചരിച്ച തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്ന് ഡിജിസിഎ വക്താവ് അബ്ദുല്ല അൽ രാജ്ഹി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും കണക്കിലെടുത്ത് ഫെബ്രുവരി 28-നാണ് കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും താൽക്കാലികമായി അടച്ചത്. യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സുരക്ഷ മുൻനിർത്തി എടുത്ത ഈ മുൻകരുതൽ നടപടിക്കിടെ നാല് തവണ വിമാനത്താവളത്തിന് നേരെ ആക്രമണങ്ങൾ ഉണ്ടായതും അധികൃതർ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഉറവിടങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വാസത്തിലെടുക്കണമെന്നും വിമാനത്താവളം തുറക്കുന്നത് സംബന്ധിച്ച അപ്‌ഡേറ്റുകൾ യഥാസമയം പ്രഖ്യാപിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.