കുവൈത്ത് എയർവേസ് പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാകുന്നു

 

കുവൈത്ത് എയർവേസിനെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരി കമ്പനിയാക്കി മാറ്റുന്നതിനുള്ള പുതിയ നിയമം പുറത്തിറക്കി. കമ്പനിയുടെ നിയമപരമായ ചട്ടക്കൂട് ആധുനികവൽക്കരിക്കാനും, ആഗോളതലത്തിൽ മത്സരശേഷി വർധിപ്പിക്കാനും, രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കരണങ്ങളുമായി ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് 11 വകുപ്പുകളുള്ള പുതിയ നിയമം പ്രാബല്യത്തിൽ വരുത്തിയത്.

പുതിയ നിയമപ്രകാരം എയർലൈൻസിന്റെ മുഴുവൻ ഓഹരികളും നേരിട്ട് സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും. മന്ത്രിസഭയുടെ പ്രത്യേക അനുമതിയില്ലാതെ ഈ ഓഹരികൾ വിൽക്കാനോ പണയം വെക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. കമ്പനി നിയമം, മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവക്ക് അനുസൃതമായായിരിക്കും കുവൈത്ത് എയർവേസ് പ്രവർത്തിക്കുക.

കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ബോർഡിനായിരിക്കും കമ്പനിയുടെ ജനറൽ അസംബ്ലിയുടെ അധികാരങ്ങൾ. ബോർഡ് ഓഫ് ഡയറക്ടർമാരെ നിയമിക്കുന്നതും ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയായിരിക്കും. ഭരണപരവും സാമ്പത്തികവുമായ തീരുമാനങ്ങളിൽ കമ്പനിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ തീരുമാനം. ജീവനക്കാരുടെ നിയമനത്തിനും സേവന വ്യവസ്ഥകൾക്കുമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ ബോർഡിന് അധികാരമുണ്ടാകും. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.