കുവൈത്ത് എയർവേസ് സർവീസുകൾ വ്യാപിപ്പിക്കുന്നു; ധാക്കയിലേക്ക് ദമ്മാം വഴി പുനരാരംഭിക്കും
താൽക്കാലികമായി നിർത്തിവെച്ചിരുന്ന ധാക്കയിലേക്കുള്ള വിമാന സർവീസുകൾ കുവൈത്ത് എയർവേസ് പുനരാരംഭിക്കുന്നു. ഏപ്രിൽ 24 മുതൽ സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ധാക്കയിലേക്കും തിരിച്ചുമുള്ള വാണിജ്യ സർവീസുകൾ ലഭ്യമാകുക. ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമാണ് ഈ റൂട്ടിൽ ഉണ്ടാകുകയെന്ന് അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് പുതിയ റൂട്ട് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ലണ്ടൻ, കെയ്‌റോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ, മുംബൈ, ഡൽഹി തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ദമ്മാം വഴി കുവൈത്ത് എയർവേസ് നേരത്തെ തന്നെ സർവീസുകൾ പുനഃസ്ഥാപിച്ചിരുന്നു. നിലവിൽ ലോകത്തെ 14 പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്നും കുവൈത്ത് എയർവേസ് ആക്ടിംഗ് സി.ഇ.ഒ അബ്ദുൽവഹാബ് അൽ ഷാത്തി വ്യക്തമാക്കി. ഇതിനുപുറമെ, സൗദി അറേബ്യയിലെ താമസക്കാർക്കായി കുവൈത്ത് എയർവേയ്‌സ് പ്രത്യേക വിസ അപേക്ഷാ സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്.
മേഖലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുവൈത്തിന്റെ ഈ നീക്കം. ദമ്മാമിനെ ഒരു പ്രധാന ട്രാൻസിറ്റ് പോയിന്റായി ഉപയോഗിക്കുന്നതിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ യൂറോപ്പിലേക്കും ഏഷ്യയിലേക്കും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിലൂടെ ഗതാഗത മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് കുവൈത്ത് എയർവേസിന്റെ പദ്ധതിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.