ബഹ്റൈനിൽ അപായ സൈറൺ, മിസൈലുകളും ഡ്രോണുകളും തകർത്ത് കുവൈത്തും ജോർദാനും
പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ കടുക്കുന്നതിനിടെ ബഹ്റൈനിൽ രാത്രിയിൽ രണ്ട് തവണ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന അപായ സൈറണുകൾ മുഴങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും ബഹ്റൈൻ അധികൃതർ വ്യക്തമാക്കി. ജനങ്ങളോട് ശാന്തരായിരിക്കാനും അടിയന്തര ഘട്ടങ്ങളിൽ തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനത്തിലൂടെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണങ്ങൾ തടയുന്നതിനിടയിൽ ആകാശത്തുണ്ടാകുന്ന ശക്തമായ സ്ഫോടന ശബ്ദങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കുവൈത്ത് അധികൃതർ ഓർമ്മിപ്പിച്ചു.
രാജ്യത്തേക്ക് കുതിച്ചെത്തിയ ഇറാന്റെ മൂന്ന് മിസൈലുകളെ ജോർദാൻ സായുധ സേനയും തകർത്തു. പ്രതിരോധ നടപടികളിലൂടെ മിസൈലുകൾ ആകാശത്തുവെച്ചുതന്നെ പൂർണ്ണമായി നശിപ്പിച്ചതായും രാജ്യത്ത് ഒരിടത്തും ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജോർദാൻ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, ഇറാനെ ലക്ഷ്യമിട്ടുള്ള യുഎസ് വ്യോമാക്രമണം ആറാം ദിവസവും കനക്കുകയാണ്. യുഎസ് ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35 കവിഞ്ഞു. മുന്നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് ഒടുവിലത്തെ വിവരങ്ങൾ.