ചെങ്കടലിലെ ഹൂതി ആക്രമണം: കടുത്ത പ്രതിഷേധമറിയിച്ച് കുവൈത്ത്

 

ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കുവൈത്ത്. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'എൻ.സി.സി മാസ' എന്ന കപ്പലിന് നേർക്കുണ്ടായ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു.

ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മേഖലയിലെ കപ്പൽ ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഗുരുതര ഭീഷണിയാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സമുദ്ര ഗതാഗത സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നിയമങ്ങൾ എല്ലാവരും പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. തുടർച്ചയായ ആക്രമണങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്നും ആഗോള വ്യാപാര മേഖലയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും കുവൈത്ത് ഓർമിപ്പിച്ചു.