സ്വർണം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത്

 

സ്വർണം, വിലയേറിയ കല്ലുകൾ, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകൾ കേന്ദ്രീകരിച്ച് പുതിയ നിയന്ത്രണങ്ങളുമായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വാണിജ്യ മന്ത്റ പദവി വഹിക്കുന്ന ഒസാമ ഖാലിദ് അൽ ബുദായ് രണ്ടു സുപ്രധാന തീരുമാനങ്ങൾ പുറപ്പെടുവിച്ചത്.

പുതിയ തീരുമാനപ്രകാരം സ്വർണം, വിലയേറിയ ലോഹങ്ങൾ എന്നിവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾ കൃത്യമായ ആന്തരിക നിയന്ത്രണ സംവിധാനങ്ങൾ രൂപീകരിക്കണം. ഇടപാടുകാരെയും ബിസിനസിന്റെ യഥാർത്ഥ ഗുണഭോക്തൃ ഉടമകളെയും (Beneficial Owners) കൃത്യമായി പരിശോധിക്കുകയും ഇടപാടുകൾ നിരന്തരം നിരീക്ഷിക്കുകയും വേണം. ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി കുവൈത്ത് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകി.

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കും ഇടനിലക്കാർക്കും സമാനമായ റിസ്ക് അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ബാധകമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് ഉടമസ്ഥാവകാശങ്ങളും നിയന്ത്രണ ഘടനകളും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, എല്ലാ ഇടപാട് രേഖകളും കുറഞ്ഞത് 5 വർഷത്തേക്ക് നിർബന്ധമായും സൂക്ഷിച്ചുവെക്കണമെന്നും അധികൃതർ വ്യക്തമാക്കി.