മനുഷ്യാവകാശ നിയമങ്ങളിൽ നിർണായക ഭേദഗതി വരുത്തി കുവൈത്ത്

 

രാജ്യത്തെ ദേശീയ മനുഷ്യാവകാശ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയമനിർമാണ ഭേദഗതികളുമായി കുവൈത്ത്. ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര 'പാരീസ് തത്വങ്ങൾക്ക്' അനുസൃതമായാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

പുതിയ നിയമപ്രകാരം നിലവിലുള്ള നാഷണൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ, 'നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ' എന്ന് പുനർനാമകരണം ചെയ്തു. ഈ സ്ഥാപനത്തിന്റെ സ്വയംഭരണാധികാരം ഉറപ്പുവരുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള സുപ്രധാന നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ഘടന പുനഃസംഘടിപ്പിക്കുന്നതും ചുമതലകളും ഉത്തരവാദിത്തങ്ങളും നിയന്ത്രിക്കുന്ന ചട്ടങ്ങൾ പരിഷ്കരിക്കുന്നതും ഭേദഗതികളിൽ ഉൾപ്പെടുന്നു. പൗരന്മാരുടെയും രാജ്യത്തുള്ള വിദേശികളുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കൂടുതൽ സുതാര്യമായി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുവൈത്തിന്റെ ഈ പുതിയ നീക്കം.