സുഡാനിലെ ശുദ്ധജല വിതരണ പദ്ധതിക്ക് 20 ലക്ഷം ഡോളറിന്റെ ധനസഹായവുമായി കുവൈത്ത്
യുദ്ധക്കെടുതി അനുഭവിക്കുന്ന സുഡാനിലെ ഖാർത്തൂമിൽ ശുദ്ധജല പദ്ധതി നടപ്പാക്കുന്നതിനായി വൻ ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റും ഡബ്ല്യു.എഫ്.പിയും (World Food Program) ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) വഴി നടപ്പിലാക്കുന്ന പദ്ധതിക്കായി 20 ലക്ഷം ഡോളറാണ് കുവൈത്ത് വകയിരുത്തിയിരിക്കുന്നത്.
സുഡാനിലെ അഞ്ചു ലക്ഷത്തിലധികം വരുന്ന അഭയാർഥികൾക്ക് തടസ്സമില്ലാതെ ശുദ്ധജലം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതേസമയം, സുഡാനിൽ ഭക്ഷ്യ സംഭരണ കേന്ദ്രം നിർമിക്കുന്നതിനായി കുവൈത്ത് 20 ലക്ഷം ഡോളർ സഹായം നൽകുന്നുവെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെട്ട വാർത്തകളാണ് തെറ്റായ രീതിയിൽ പ്രചരിച്ചതെന്നാണ് വിലയിരുത്തൽ.