ഇന്ധനത്തിനും വൈദ്യുതിക്കും ഏറ്റവും വില കുറഞ്ഞ രാജ്യങ്ങളിൽ ഇടം നേടി കുവൈത്ത്

 

ലോകത്തിൽ ഇന്ധനത്തിനും വൈദ്യുതിക്കും ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും ഇടംപിടിച്ചു. ഗ്ലോബൽ പെട്രോൾ പ്രൈസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഏപ്രിൽ ആറ് വരെയുള്ള കണക്കുകൾ പ്രകാരം, കുറഞ്ഞ ഡീസൽ നിരക്കിൽ ആഗോളതലത്തിൽ ആറാം സ്ഥാനത്താണ് കുവൈത്ത്. ലിറ്ററിന് ഏകദേശം 0.37 ഡോളറാണ് ഇവിടുത്തെ ഡീസൽ വില.

പെട്രോൾ നിരക്കിന്റെ കാര്യത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് രാജ്യം. ലിറ്ററിന് 0.34 ഡോളറാണ് കുവൈത്തിലെ പെട്രോൾ വില. ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുമ്പോഴും കുവൈത്തിൽ കുറഞ്ഞ നിരക്ക് തുടരുന്നത് ഗവൺമെന്റ് നൽകുന്ന ശക്തമായ സബ്സിഡികൾ മൂലമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

വൈദ്യുതി നിരക്കിലും കുവൈത്ത് വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഗാർഹിക ഉപഭോഗത്തിനുള്ള ശരാശരി വൈദ്യുതി ചെലവ് കിലോവാട്ട് മണിക്കൂറിന് 0.172 ഡോളറായിരിക്കെ, കുവൈത്തിൽ ഇത് വെറും 0.045 ഡോളർ മാത്രമാണ്. കുറഞ്ഞ വൈദ്യുതി നിരക്കുള്ള രാജ്യങ്ങളിൽ 17-ാം സ്ഥാനത്താണ് നിലവിൽ കുവൈത്ത്.