കുവൈറ്റിൽ പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം കടുപ്പിക്കുന്നു; 21 വയസ്സിൽ താഴെയുള്ളവർക്ക് വിൽപ്പന വിലക്കി

 

കുവൈറ്റിൽ പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ വിപണനത്തിനും ഉപയോഗത്തിനും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വരുന്നു. 21 വയസ്സിന് താഴെയുള്ളവർക്ക് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതും കൈമാറുന്നതും പൂർണ്ണമായും നിരോധിച്ചു. പരമ്പരാഗത പുകയില ഉൽപ്പന്നങ്ങൾക്ക് പുറമെ ഇ-സിഗരറ്റുകൾ, ഹീറ്റഡ് ടൊബാക്കോ ഉൽപ്പന്നങ്ങൾ, മറ്റ് നിക്കോട്ടിൻ അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്കും ഈ നിയന്ത്രണം ബാധകമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ എന്നിവയുടെ പരിസരങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും അനുവദിക്കില്ല. ഓൺലൈൻ വഴിയുള്ള വിൽപ്പന, പരസ്യങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്നിവയ്ക്കും വിലക്കുണ്ട്. പൊതുസ്ഥലങ്ങളിൽ ഇ-സിഗരറ്റും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് പുകവലിയായി തന്നെ കണക്കാക്കി നടപടിയെടുക്കും.

യുവാക്കളെയും കുട്ടികളെയും ആകർഷിക്കുന്ന രീതിയിലുള്ള പാക്കേജിംഗുകളും പരസ്യങ്ങളും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആരോഗ്യ മന്ത്രാലയം, കസ്റ്റംസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കും. പുതിയ നിയമങ്ങൾ 2027 ജനുവരി 1 മുതലാണ് പ്രാബല്യത്തിൽ വരിക.