കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതം; ഭീഷണികളില്ലെന്ന് ആഭ്യന്തര മന്ത്രാലയം

 

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും കുവൈത്ത് വ്യോമാതിർത്തി പൂർണ്ണമായും സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള യാതൊരു ഭീഷണികളോ അപകടസാധ്യതകളോ കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിലെ സംഭവവികാസങ്ങൾ സായുധ സേന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഉയർന്ന ജാഗ്രത തുടരുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബൗസ്‌ലൈബ് പറഞ്ഞു. വിവിധ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള നിരന്തരമായ ഏകോപനത്തിലൂടെ ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളും പൂർണ്ണ തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സുരക്ഷയെയും സാമൂഹിക ഐക്യത്തെയും ബാധിക്കുന്ന തരത്തിലുള്ള വിഭാഗീയ ചിന്തകളോ വിഘടനവാദമോ ഉണ്ടാകാതെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബ്രിഗേഡിയർ നാസർ ബൗസ്‌ലൈബ് ആഹ്വാനം ചെയ്തു. നിയമങ്ങൾ പാലിക്കുന്നതിനും രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനും അധികാരികളുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.