ഗസ്സയ്ക്ക് കൈത്താങ്ങായി കുവൈത്തിലെ നമാ ചാരിറ്റി; വസ്ത്രങ്ങളും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു

 

കടുത്ത യുദ്ധപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഗസ്സയിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എത്തിച്ചു കുവൈത്തിലെ നമാ ചാരിറ്റി. വടക്കൻ ഗസ്സയിലുൾപ്പെടെ ദുരിതമനുഭവിക്കുന്ന ആയിരത്തിലധികം കുടുംബങ്ങൾക്കാണ് സംഘടനയുടെ നേതൃത്വത്തിൽ സഹായമെത്തിച്ചത്.

ഗസ്സയിലെ 1,100-ലധികം കുടുംബങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ വിതരണം ചെയ്തു. ഇതിനുപുറമെ, കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വടക്കൻ ഗസ്സയിൽ 220 പച്ചക്കറി-പഴം കിറ്റുകളും നമാ ചാരിറ്റി നൽകി. ഏകദേശം 1,200 പേർക്ക് ഈ കിറ്റുകളുടെ പ്രയോജനം ലഭിച്ചു. ഭക്ഷണത്തിന്റെയും വസ്ത്രങ്ങളുടെയും ദൗർലഭ്യം രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തര സഹായവുമായി സംഘടന രംഗത്തെത്തിയതെന്ന് നമാ ചാരിറ്റി സി.ഇ.ഒ അബ്ദുൽ അസീസ് അൽ കന്ദരി പറഞ്ഞു.

ഏറ്റവും ദുർബലരായ കുടുംബങ്ങളെയും കുട്ടികളെയും പ്രായമായവരെയുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. കൃത്യമായ ഏകോപനത്തിലൂടെ ഫീൽഡ് ടീമുകൾ നേരിട്ടാണ് അർഹരായവരിലേക്ക് സഹായങ്ങൾ എത്തിച്ചത്. ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാനുള്ള സഹായ പദ്ധതികൾ വരുംദിവസങ്ങളിലും തുടരുമെന്നും, കൂടുതൽ പേർ പിന്തുണയുമായി രംഗത്തെത്തണമെന്നും നമാ ചാരിറ്റി അഭ്യർത്ഥിച്ചു.