ഗൾഫിലെ മികച്ച ഗവൺമെന്റ് ആപ്പായി കുവൈത്തിന്റെ 'സഹ്ൽ'; രണ്ട് ജി.സി.സി ഡിജിറ്റൽ പുരസ്കാരങ്ങൾ സ്വന്തമാക്കി

 

കുവൈത്തിന്റെ ഔദ്യോഗിക ഗവൺമെന്റ് ആപ്പായ 'സഹ്‌ലിന്' (Sahel) രണ്ട് പ്രമുഖ ഗൾഫ് പുരസ്‌കാരങ്ങൾ. ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച ഗവൺമെന്റ് ആപ്പായി സഹ്‌ലിനെ തിരഞ്ഞെടുത്തു. ബഹ്റൈനിൽ നടന്ന ജി.സി.സി ഡിജിറ്റൽ ഗവൺമെന്റ് അവാർഡ് (GCC Digital Government Award) ചടങ്ങിലാണ് ഈ നിർണായക നേട്ടം പ്രഖ്യാപിച്ചത്.

നവജാത ശിശുക്കളുടെ ജനനവുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ ലളിതമാക്കുന്ന സേവനത്തിനും ആപ്പ് പുരസ്കാരം നേടി. ഡിജിറ്റൽ സേവന വിഭാഗത്തിൽ സഹ്ൽ അവതരിപ്പിച്ച 'ന്യൂബോൺ ജേർണി' (Newborn Journey) സേവനം എക്‌സലൻസ് അവാർഡിന് അർഹമായി.

നിലവിൽ 42-ഓളം ഗവൺമെന്റ് സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലെത്തിക്കാൻ സഹ്ൽ ആപ്പിന് സാധിക്കുന്നുണ്ട്. ഡിജിറ്റലൈസേഷനിലൂടെ പൊതുസേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്കുള്ള വലിയ അംഗീകാരമാണ് ഈ നേട്ടം.