വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ; പ്രഖ്യാപനവുമായി ട്രംപ്

 

വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിൽ ഒപ്പിടാൻ ധാരണയായതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കരാർ നിലവിൽ വരുന്നതോടെ വെനസ്വേലയുടെ 65 ബില്യൺ ബാരലിലധികം വരുന്ന ക്രൂഡ് ഓയിൽ ശേഖരത്തിന്റെ ഭൂരിഭാഗവും അമേരിക്കയുടെ നിയന്ത്രണത്തിലാകും.

സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ പൂർത്തിയാക്കിയത്. ഈ കരാർ അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയാക്കുമെന്നും, പൗരന്മാർക്ക് ദീർഘകാലത്തേക്ക് ഇന്ധനവില കുറയ്ക്കാൻ സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ ഇത് വെനസ്വേലയുടെ സാമ്പത്തിക രംഗത്തിന് വലിയ ഉണർവ് നൽകുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്കോളാസ് മഡൂറോ പുറത്തായതിനെ തുടർന്ന് വെനസ്വേലൻ എണ്ണ മേഖലയുടെ നിയന്ത്രണം യു.എസ് ഏറ്റെടുത്തിരുന്നു. ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉടമ്പടിയുമായി യു.എസ് രംഗത്തെത്തിയിരിക്കുന്നത്.