അൽ ദുറിൽ 100 മെഗാവാട്ട് സൗരോർജ്ജ നിലയത്തിന് തറക്കല്ലിട്ടു; നിർമ്മാണം വേഗത്തിൽ
ബഹ്‌റൈനിലെ സൗത്ത് ഗവർണറേറ്റിലെ അൽ ദുർ മേഖലയിൽ നിർമ്മിക്കുന്ന 100 മെഗാവാട്ട് ശേഷിയുള്ള വൻകിട സൗരോർജ്ജ നിലയത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. 2035-ഓടെ രാജ്യത്തെ ആകെ ഊർജ്ജ ഉൽപ്പാദനത്തിന്റെ 20 ശതമാനം പുനരുപയോഗ സ്രോതസ്സുകളിൽ നിന്നാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായകമായ ചുവടുവെപ്പാണിത്. ഏകദേശം 8,30,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പടർന്നുകിടക്കുന്ന ഈ പദ്ധതിക്കായി 1,35,000 സോളാർ പാനലുകളാണ് സ്ഥാപിക്കുന്നത്.
2060-ഓടെ 'കാർബൺ ന്യൂട്രലിറ്റി' കൈവരിക്കുക എന്ന രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിജ്ഞ നിറവേറ്റുന്നതിൽ ഈ പ്ലാന്റ് വലിയ പങ്കുവഹിക്കുമെന്ന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് വ്യക്തമാക്കി. പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഹരിത ഊർജ്ജത്തിലേക്ക് മാറാനും ഈ പദ്ധതി സഹായിക്കും. നിലയത്തിൽ നിന്നുള്ള വൈദ്യുതി അൽ ദുറിലെ 66/11 സബ്‌സ്റ്റേഷൻ വഴിയാണ് ദേശീയ ഗ്രിഡിലേക്ക് എത്തിക്കുക.
ഈ വർഷം മൂന്നാം പാദത്തോടെ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കി വൈദ്യുതി വിതരണം ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഹരിത ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങൾക്ക് ഈ പുതിയ സോളാർ പവർ പ്ലാന്റ് കൂടുതൽ കരുത്തേകും.