കുവൈത്തിൽ ഞായറാഴ്ച നേരിയ മഴയ്ക്ക് സാധ്യത
നവംബർ മാസം അവസാനിക്കാറായിട്ടും കുവൈത്തിൽ പ്രതീക്ഷിച്ച തണുപ്പ് എത്തിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം, വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും ഞായറാഴ്ച ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
വ്യാഴാഴ്ച നേരിയ ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ആകാശത്ത് മേഘങ്ങൾ കാണപ്പെടാനും, വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. വ്യാഴാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസ് വരെയാണ്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും നേരിയ ചൂടുള്ള കാലാവസ്ഥ തുടരും, ഈ ദിവസങ്ങളിൽ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത. ഞായറാഴ്ച ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായ അന്തരീക്ഷവും ഒറ്റപ്പെട്ട നേരിയ മഴയും പ്രതീക്ഷിക്കുന്നുണ്ട്. ഞായറാഴ്ചത്തെ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ബുധനാഴ്ച പകൽ മിതമായ ചൂടും തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ള കാലാവസ്ഥയുമാണ് അനുഭവപ്പെട്ടത്, മണിക്കൂറിൽ 28 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയിരുന്നു.