നേപ്പാളിൽ മിന്നൽപ്രളയം; നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി

 

നേപ്പാളിലെ റാസുവ ജില്ലയിൽ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. വൻ നാശനഷ്ടവും ആളപായവും ഉണ്ടായിരിക്കാമെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

മലയോര മേഖലയിലെ സ്യാപ്രു ബെസി, ടിമുരെ പ്രദേശങ്ങളിലാണ് പ്രളയം കൂടുതൽ നാശം വിതച്ചത്. ഗ്രാമങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികളുടെ സ്ഥലങ്ങളും പ്രളയത്തിൽ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് റാസുവ ജില്ലാ ഭരണാധികാരി നരേന്ദ്ര പരിയാർ പറഞ്ഞു. എന്നാൽ ആളപായത്തിന്‍റെയോ സ്വത്ത് നാശത്തിന്‍റെയോ കൃത്യമായ കണക്ക് നിലവിൽ ലഭ്യമല്ല. വൻതോതിൽ ആളപായമോ സ്വത്ത് നഷ്ടമോ ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പൊലീസിനെയും സൈനികരെയും പ്രദേശത്തേക്ക് അയച്ചതായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു.

ടിബറ്റിൽനിന്ന് ഉത്ഭവിക്കുന്ന ഭോട്ടെ കോശി നദി നേപ്പാളിലെ ത്രിശൂലി നദിയിൽ ചേരുകയും പിന്നീട് ഇന്ത്യയിൽ ഗണ്ഡക് നദിയായി ഒഴുകുകയും ചെയ്യുന്നു.കഴിഞ്ഞ വർഷവും ഭോട്ടെ കോശി നദിയിലുണ്ടായ പ്രളയത്തിൽ ഒൻപത് പേർ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ഫ്രണ്ട്ഷിപ്പ് പാലവും അന്ന് തകർന്നിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത-വാണിജ്യ ബന്ധം മാസങ്ങളോളം തടസ്സപ്പെട്ടിരുന്നു.