ഗൂഗിൾ റിവ്യൂ മോശമായാൽ റസ്റ്ററന്റുകളിൽ മിന്നൽ പരിശോധന; എ.ഐ നിരീക്ഷണവുമായി ദുബായ്

 

ഒരു റസ്റ്ററന്റിലെ ഭക്ഷണത്തിന് മോശം റിവ്യൂ നൽകിയാൽ ഇനി അത് വെറുമൊരു അഭിപ്രായമായി ഒതുങ്ങില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ചുള്ള പരാതികളിൽ നടപടിയെടുക്കാൻ എ.ഐയുടെ സഹായം തേടുകയാണ് ദുബായ് മുനിസിപ്പാലിറ്റി.ഗൂഗിളിലെ ഉപഭോക്തൃ റിവ്യൂകളും റേറ്റിങ്ങുകളും ഇനി നിർമിതബുദ്ധി നിരന്തരം നിരീക്ഷിക്കും. പരാതികളിൽ നിന്ന് യഥാർഥ പോരായ്മകൾ കണ്ടെത്തി, കൂടുതൽ പരാതികൾ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് മുൻഗണന നൽകി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ വീഴ്ചകൾ വേഗത്തിൽ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം.

ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനം, ആഗോള വിപണിയിലെ മാറ്റങ്ങൾ, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ വിശകലനം ചെയ്ത് ഭാവിയിലെ ഭക്ഷ്യലഭ്യതയും വിലവ്യതിയാനങ്ങളും മുൻകൂട്ടി പ്രവചിക്കുന്ന പുതിയ പദ്ധതിയായ ഫ്യൂച്ചർ ഓഫ് ന്യൂട്രീഷൻ ഫോർസൈറ്റിനും ദുബായ് തുടക്കമിട്ടിട്ടുണ്ട്.രാജ്യാന്തര ഭക്ഷ്യസുരക്ഷാ സമ്മേളനത്തിന്റെ ഇരുപതാം പതിപ്പിലാണ് ഈ പ്രഖ്യാപനങ്ങൾ. 70 രാജ്യങ്ങളിൽ നിന്നായി 3,000ത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ പ്രമേയം 'ബുദ്ധിപരമായ ഭക്ഷ്യസമ്പ്രദായങ്ങളുടെ പുതിയ യുഗം' എന്നാണ്.