യുഎഇയിൽ വായ്പാ ചട്ടങ്ങൾ കർശനമാകുന്നു; പുതിയ നിബന്ധനകൾ 2027 ജനുവരി ഒന്ന് മുതൽ

 

യുഎഇയിൽ വായ്പകൾ ഒരു ബാങ്കിൽനിന്ന് മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന് കർശന നിയന്ത്രണങ്ങൾ വരുന്നതായി റിപ്പോർട്ട്. വായ്പ നൽകിയ ബാങ്കിൽ നിശ്ചിത കാലയളവ് തുടരുകയും കൃത്യമായ ഗഡുക്കൾ അടയ്ക്കുകയും ചെയ്തശേഷം മാത്രമേ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ കഴിയൂ എന്നതാണ് നിർദിഷ്ട പരിഷ്‌കാരം. പുതിയ നിബന്ധനകൾ 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

കൂടുതൽ ആകർഷകമായ പലിശനിരക്കുകളും ഓഫറുകളും ലഭിക്കുന്നതോടെ വായ്പയെടുത്ത ഉടൻ മറ്റൊരു ബാങ്കിലേക്ക് മാറുന്ന പ്രവണത തടയുകയാണ് ലക്ഷ്യം. വായ്പാ ബന്ധങ്ങളിൽ സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം തുടർച്ചയായ വായ്പാ കൈമാറ്റവും റീഫിനാൻസിങ്ങുമായി ബന്ധപ്പെട്ട ഭരണനടപടികളും ചെലവുകളും കുറയ്ക്കാനും പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

വ്യക്തിഗത വായ്പകൾക്ക് പുറമേ മറ്റ് വായ്പകൾക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിന് മുമ്പ് അടച്ചിരിക്കേണ്ട കുറഞ്ഞ ഗഡുക്കളുടെ എണ്ണവും നിബന്ധനകളിലെ ഇളവുകളും സംബന്ധിച്ച ഔദ്യോഗിക മാർഗനിർദേശങ്ങൾ പുറത്തുവരുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.