ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നു; പാക് വിദേശകാര്യ മന്ത്രി

 

ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാകിസ്താൻ്റെ പുതിയ സർക്കാർ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കണമെന്ന് പാകിസ്താനിലെ വ്യവസായ പ്രമുഖർ മുറവിളി കൂട്ടുകയാണ്. കൂടിയാലോചനകൾ നടത്തി സാധ്യത പരിശോധിക്കുമെന്നും ദാർ.

2019 ഓഗസ്റ്റ് മുതൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്താൻ നിർത്തിവച്ചിരിക്കുകയാണ്. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി ഇന്ത്യ അസാധുവാക്കിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ തീരുമാനം പാകിസ്താന്റെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചു. ഇതോടെയാണ് ബന്ധം പുനഃസ്ഥാപിക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്. രാജ്യത്തിൻ്റെ സമ്പദ്‌ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലാണ് തങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധയെന്നും ദാർ പറഞ്ഞു.

വ്യാപാരം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് മുമ്പ് പാകിസ്താൻ തങ്ങളുടെ ഉന്നത നയതന്ത്രജ്ഞനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം പാകിസ്താൻ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുളള വ്യാപാരബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു.