കുറഞ്ഞ റിക്രൂട്ട്‌മെന്റ് ചെലവ്; ജിസിസി ഗാർഹിക തൊഴിലാളി വിപണിയിൽ കുവൈത്ത് മുന്നിൽ
ഗൾഫ് രാജ്യങ്ങളിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് ഏറ്റവും കുറഞ്ഞ ചെലവുള്ള വിപണിയായി കുവൈത്ത് തുടരുന്നതായി റിപ്പോർട്ട്. '2026 ജിസിസി ഡൊമസ്റ്റിക് വർക്കർ സാലറി റിപ്പോർട്ട്' പ്രകാരമാണ് ഈ കണ്ടെത്തൽ. തൊഴിലുടമകൾക്ക് കുറഞ്ഞ റിക്രൂട്ട്‌മെന്റ് ചെലവും, തൊഴിലാളികൾക്ക് മികച്ച ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന അന്തരീക്ഷമാണ് കുവൈത്തിലുള്ളത്.
ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കും അന്താരാഷ്ട്ര ഏജൻസികളുമായുള്ള പങ്കാളിത്തവും നിലനിർത്താൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റിക്രൂട്ട്‌മെന്റ് ചട്ടങ്ങളിൽ പലതവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കുവൈത്ത് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫീസസ് മേധാവി ഖാലിദ് അൽ ദഖ്നാൻ വ്യക്തമാക്കി. നിലവിൽ കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ ശമ്പള നിരക്കും വിദേശ ഏജൻസികൾക്ക് ലഭിക്കുന്ന കമ്മീഷനും അയൽരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇത് വലിയ ലാഭം നേടുന്നതിൽ നിന്ന് വിദേശ ഏജൻസികളെ പരിമിതപ്പെടുത്തുന്നുണ്ടെങ്കിലും മിതമായ നിരക്കിൽ വിപണി നിലനിർത്താൻ കുവൈത്തിന് സാധിക്കുന്നുണ്ട്.
അതേസമയം, ജിസിസിയിലുടനീളമുള്ള ഗാർഹിക തൊഴിലാളികളുടെ ശമ്പളത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 മുതൽ 7 ശതമാനം വരെ വർദ്ധനവ് ഈ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിൽ അടിസ്ഥാന ശമ്പളം കുറവാണെങ്കിലും താമസസൗകര്യം, ഭക്ഷണം, മെഡിക്കൽ ഇൻഷുറൻസ്, യാത്രാ ടിക്കറ്റ് എന്നിവ തൊഴിലുടമകൾ സൗജന്യമായി നൽകുന്നത് തൊഴിലാളികൾക്ക് ആശ്വാസമാകുന്നുണ്ട്. വീട്ടുജോലി, ഡ്രൈവിംഗ്, നഴ്സിംഗ്, ശിശുസംരക്ഷണം എന്നീ മേഖലകളിൽ കുവൈത്തിൽ ഇപ്പോഴും വിദേശ തൊഴിലാളികൾക്ക് വലിയ ആവശ്യക്കാരുണ്ട്.