ഉച്ചവിശ്രമം ഉറപ്പാക്കണം; അബുദാബിയിൽ നിർമ്മാണ കമ്പനികൾക്കായി നഗരസഭയുടെ ജാഗ്രതാ നിർദ്ദേശം
യു.എ.ഇയിൽ വേനൽക്കാല മധ്യാഹ്നവിശ്രമ നിയമം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നിർമ്മാണ കമ്പനികൾക്കായി അബുദാബി നഗരസഭ ബോധവൽക്കരണം സംഘടിപ്പിച്ചു. കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ വർക്ക്‌ഷോപ്പിൽ ഈ മേഖലയിലെ 404 കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. നിർജ്ജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.
രാജ്യത്തെ നിയമപ്രകാരം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മാസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾക്ക് പൂർണ്ണ വിലക്കുണ്ട്. കെട്ടിട നിർമ്മാണം, റോഡ് വികസനം, പൈപ്പ് ലൈൻ ജോലികൾ, ശുചീകരണം, കൃഷി തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കെല്ലാം ഈ വിശ്രമവേള നിർബന്ധമാണ്. എന്നാൽ എ.സി സംവിധാനമുള്ള സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ ജോലി ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല.
ഉച്ചസമയങ്ങളിൽ തൊഴിലാളികൾക്കായി തണലുള്ള വിശ്രമകേന്ദ്രങ്ങൾ, തണുത്ത കുടിവെള്ളം, ഒ.ആർ.എസ് (ORS) പോലുള്ള നിർജ്ജലീകരണ പ്രതിരോധ പാനീയങ്ങൾ, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവ തൊഴിലുടമകൾ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും hse@adm.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെ അധികൃതരെ വിവരമറിയിക്കാം. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.