ആകാശത്തിലെ ആഡംബരം; ഗൾഫ് എയറും ബിയോണ്ടും കൈകോർക്കുന്നു; പ്രീമിയം യാത്രക്കാർക്ക് പുത്തൻ അനുഭവം

 

ബഹ്‌റൈനെ ആഗോള വ്യോമയാന ഹബ്ബായി ഉയർത്തുന്നതിന്റെ ഭാഗമായി ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും പ്രീമിയം ലെയ്‌ഷർ എയർലൈനായ ബിയോണ്ടും (Beond) തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയുടെയും ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് തഖിയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

വരുന്ന ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ സഹകരണത്തിലൂടെ ഗൾഫ് എയറിന്റെ പ്രവർത്തന പാരമ്പര്യവും ബിയോണ്ടിന്റെ പ്രൈവറ്റ് ജെറ്റ് മാതൃകയിലുള്ള അത്യാധുനിക ആഡംബര സൗകര്യങ്ങളും ഒത്തുചേരും. ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിയോണ്ടിനെ ഗൾഫ് എയറിന്റെ പ്രീമിയം സേവനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2030-ഓടെ രാജ്യത്തിന്റെ വിമാന സർവീസുകൾ നൂറ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ബഹ്‌റൈന്റെ ലക്ഷ്യത്തിന് ഈ പങ്കാളിത്തം വലിയ കരുത്തുപകരുമെന്ന് മന്ത്രി വ്യക്തമാക്കി.

പുതിയ കോഡ് ഷെയറിംഗ് കരാർ പ്രകാരം യാത്രക്കാർക്ക് ഇരു വിമാനക്കമ്പനികളിലും ഒരേപോലെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും തടസ്സമില്ലാത്ത യാത്ര ആസ്വദിക്കാനും സാധിക്കും. 2026 അവസാനിക്കുമ്പോഴേക്കും നാലായിരത്തോളം പ്രീമിയം യാത്രക്കാരെയും 2030 ഓടെ പതിനായിരക്കണക്കിന് യാത്രക്കാരെയും ഈ സംരംഭം പ്രതീക്ഷിക്കുന്നുണ്ട്. ഗൾഫ് എയറിന്റെ ഫാൽക്കൺ ഗോൾഡ് സേവനവും ബിയോണ്ടിന്റെ ബെഡ് സൗകര്യമുള്ള സീറ്റുകളും യാത്രക്കാർക്ക് വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കും.