‘എഡ്ജ് ഓഫ് ലൈഫ്’ പദ്ധതിക്ക് 5 കോടി രൂപ നൽകി എം.എ യൂസുഫലി

 

പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ലോകമെങ്ങുമുള്ള കുട്ടികളെ സഹായിക്കാനായി ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച ‘എഡ്ജ് ഓഫ് ലൈഫ്’ (Edge of Life) പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി 20 ലക്ഷം ദിർഹം (ഏകദേശം 5 കോടി രൂപ) സംഭാവന നൽകി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റമദാൻ മാസാരംഭത്തിലാണ് ഈ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിയെ പിന്തുണച്ച എം.എ. യൂസുഫലിയെ യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആദരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണി നേരിടുന്ന കുട്ടികൾക്ക് ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദുബൈ ഭരണാധികാരിയുടെ സംരംഭങ്ങൾക്ക് ലുലു ഗ്രൂപ്പ് എക്കാലവും പിന്തുണ നൽകാറുണ്ട്. യു.എ.ഇയുടെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇത്തരം സംരംഭങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി അറിയിച്ചു.