മിനിസ്ട്രീസ് ബ്രിഡ്ജിൽ അറ്റകുറ്റപ്പണി; മസ്‌കത്തിൽ ജൂലൈ 30 വരെ ഗതാഗത നിയന്ത്രണം
വാദി അൽ കബീറിലെ മിനിസ്ട്രീസ് ബ്രിഡ്ജിൽ (Ministries Bridge) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാലത്തിന് താഴെയുള്ള സ്ലോ ലെയ്ൻ ഇരുവശങ്ങളിലേക്കും അടച്ചിട്ടിരിക്കുകയാണ്. ജൂലൈ 30 വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
മേഖലയിലെ റോഡ് ശൃംഖലയുടെ നിലവാരം ഉയർത്തുന്നതിനും സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. പാലത്തിലെ പണികൾ കാരണം അൽ ഹംരിയ സ്ട്രീറ്റിൽ നിന്ന് റൂവിയിലേക്കുള്ള പാതയിലും ഭാഗിക നിയന്ത്രണമുണ്ട്. ഈ ഭാഗത്ത് ഞായറാഴ്ച പുലർച്ചെ നാല് മണി വരെയാണ് നിയന്ത്രണം ഉണ്ടാകുക. ഗതാഗത നിയന്ത്രണമുള്ള പാതകളിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് അടയാളങ്ങൾ കൃത്യമായി പിന്തുടരണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു