അരിയമണികളാൽ ബഹ്‌റൈൻ ഭൂപടം; കന്നഡ സംഘത്തിന്റെ നേട്ടം ലോക റെക്കോർഡിലേക്ക്

 

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി കന്നഡ സംഘം ബഹ്‌റൈൻ ഒരുക്കിയ കൂറ്റൻ ധാന്യച്ചിത്രം 'ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ' ഇടംപിടിച്ചു. അരിമണികൾ ഉപയോഗിച്ച് നിർമ്മിച്ച ബഹ്‌റൈന്റെ ഏറ്റവും വലിയ ഭൂപടം എന്ന നേട്ടമാണ് ഈ കലാസൃഷ്ടി സ്വന്തമാക്കിയത്. 18 മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള ഭൂപടം നിർമ്മിക്കാനായി ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള ഏകദേശം 350 കിലോ അരിയാണ് ഉപയോഗിച്ചത്.

കന്നഡ സംഘം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അംഗങ്ങളും വോളന്റിയർമാരും ചേർന്നാണ് അതിസൂക്ഷ്മമായി ഭൂപടം തയ്യാറാക്കിയത്. വിവിധ ദ്വീപുകളെയും പ്രദേശങ്ങളെയും തിരിച്ചറിയാൻ വ്യത്യസ്ത നിറങ്ങളിലുള്ള അരിമണികൾ ഉപയോഗിച്ചു. ആഹാരം പാഴാക്കരുത് എന്ന സന്ദേശം ഉയർത്തിക്കൊണ്ട്, നിർമ്മാണത്തിന് ഉപയോഗിച്ച അരിമണികൾ പിന്നീട് പുനരുപയോഗിക്കുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ഏഷ്യൻ വിഭാഗം മേധാവി ഡോ. മനീഷ് കുമാർ വിഷ്ണോയ് ചടങ്ങിൽ പങ്കെടുക്കുകയും റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും കൃത്യതയോടെയും വലിപ്പത്തിലും അരിമണികളാൽ ഭൂപടം തീർത്തത് മികച്ച നേട്ടമാണെന്ന് അദ്ദേഹം അഭിനന്ദിച്ചു.