ഖത്തറിൽ സമുദ്രഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുന്നു; ഉത്തരവ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
Jul 26, 2026, 10:48 IST
ഖത്തറിലെ എല്ലാവിധ നാവിക ഗതാഗത പ്രവർത്തനങ്ങളും പൂർണമായി പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തി പരിധിയിൽ എല്ലാത്തരം ബോട്ടുകൾക്കും കപ്പലുകൾക്കും സർവീസ് നടത്താൻ ജൂലൈ 26 ഞായറാഴ്ച മുതൽ അനുമതി പ്രാബല്യത്തിൽ വരും.
സമുദ്രയാത്രകൾ നടത്തുന്നവർ സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും പൂർണമായി പാലിക്കണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പും യാത്രയിലുടനീളവും ആവശ്യമായ മുഴുവൻ മുൻകരുതലുകളും സുരക്ഷാ സജ്ജീകരണങ്ങളും ഉറപ്പുവരുത്തണമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.