വിവാഹ നടപടിക്രമങ്ങൾ ഇനി ‘സ്മാർട്ട്’; റാസ് അൽ ഖൈമ കോടതിയിൽ പുതിയ സിവിൽ വിവാഹ സേവന കേന്ദ്രം
വിവാഹ നടപടിക്രമങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനായി റാസ് അൽ ഖൈമ കോടതിയിൽ പുതിയ സിവിൽ വിവാഹ സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കോടതിയുടെ ‘വാസ്തെക് സെന്ററിൽ’ (Vastek Center) ഒരുക്കിയിരിക്കുന്ന ഈ നൂതന സംവിധാനത്തിലൂടെ ദമ്പതികൾക്ക് ജഡ്ജിയുമായി വീഡിയോ കോൺഫറൻസിങ് വഴി നേരിട്ട് സംവദിക്കാനും വിവാഹ നടപടികൾ പൂർത്തിയാക്കാനും സാധിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന അതേ ദിവസം തന്നെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ വിവാഹ കരാറുകൾ ദമ്പതികൾക്ക് ലഭിക്കുമെന്നതാണ് ഈ സ്മാർട്ട് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. കോടതി വകുപ്പ് മേധാവി കൗൺസിലർ അഹമ്മദ് അൽ ഖത്രിയാണ് പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
വിവാഹ ചടങ്ങുകൾ മനോഹരമായി നടത്തുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഒരു ഹാളും ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജുഡീഷ്യൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനുമുള്ള കോടതിയുടെ പ്രതിബദ്ധതയാണ് ഈ പുതിയ സംരംഭത്തിലൂടെ വ്യക്തമാകുന്നത്. ഉദ്ഘാടന ചടങ്ങിൽ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് പ്രസിഡന്റ് കൗൺസിലർ മുഹമ്മദ് ബിൻ ദർവീഷ്, ജഡ്ജി താരിഖ് ജുമ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പേപ്പർ വർക്കുകളും യാത്രകളും പരമാവധി കുറച്ച് ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാൻ ഈ സ്മാർട്ട് സംവിധാനം ഏറെ സഹായിക്കും. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവന നിലവാരം ഉയർത്തുന്നതിലൂടെ കൂടുതൽ ജനസൗഹൃദമായ നീതിന്യായ വ്യവസ്ഥ ഉറപ്പാക്കുകയാണ് റാസ് അൽ ഖൈമ കോടതി ലക്ഷ്യമിടുന്നത്.