മൂന്ന് ദിവസത്തിനുള്ളിൽ ഇറാനിൽ ശക്തമായ ആക്രമണം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

 

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെതിരെ അതിശക്തമായ സൈനിക ആക്രമണം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ചർച്ചകൾക്ക് തയ്യാറാകാത്ത പക്ഷം ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്റെ ആണവ പദ്ധതിയുടേതെന്ന് സംശയിക്കുന്ന 'പിക് ആക്‌സ് മൗണ്ടൻ' എന്ന ഭൂഗർഭ കേന്ദ്രം നിലവിൽ യുഎസ് നിരീക്ഷണത്തിലാണ്. ഇവിടെ സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ബങ്കർ ബോംബുകൾ ഉപയോഗിച്ച് തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യം. നിലവിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. അതേസമയം, യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണങ്ങൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.