ഫുജൈറയിൽ വൻ വാഹനാപകടം; ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു

 

യുഎഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടം സംഭവിച്ചതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.

അപകടവിവരം ലഭിച്ചയുടൻ പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങളിലെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണമോ മറ്റ് വിശദാംശങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ പൊലീസ് മേഖലയിലെ ഗതാഗതം നിയന്ത്രിച്ചു. അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിശ്ചിത വേഗപരിധി മറികടക്കരുതെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കണമെന്നും ഫുജൈറ പൊലീസ് വാഹനയാത്രക്കാരോട് അഭ്യർത്ഥിച്ചു.